തൊഴിലാളികള്‍ക്കായി ജീവിച്ച ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റുകാരനായിരുന്നു സി എ കുര്യന്‍: നവയുഗം
ദമ്മാം: മുതിര്‍ന്ന സി.പി.ഐ നേതാവും, തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനും, മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ കുര്യന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി അനുശോചിച്ചു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട തൊഴിലാളികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റുകാരനായിരുന്നു സി എ കുര്യന്‍ എന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
ഒരു കാലത്തു അടിമകളെപ്പോലെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന തോട്ടം തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തിയ ഒട്ടേറെ അവകാശ സമരങ്ങളുടെ അമരത്ത് സി എ കുര്യന്‍ എന്ന തൊഴിലാളിനേതാവ് എന്നുമുണ്ടായിരുന്നു. തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം. നിയമസഭാ സാമാജികന്‍ എന്ന നിലയിലും അദ്ദേഹം തിളങ്ങി. 1977, 1980, 1996 എന്നീ വര്‍ഷങ്ങളിലായി മൂന്നു തവണ പീരുമേട് എംഎല്‍എയും, 1996ല്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന അദ്ദേഹം, തോട്ടം മേഖലകളില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയുണ്ടായി.
മികച്ച സംഘടകനായിരുന്ന അദ്ദേഹം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഇന്ത്യയിലെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കും, ഇടതുപക്ഷത്തിനും വലിയൊരു നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖത്തില്‍ പങ്കു ചേരുന്നതായും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ആക്റ്റിങ് സെക്രെട്ടറി സാജന്‍ കണിയാപുരവും പറഞ്ഞു.