അവസാന മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം , പരമ്പര

ഫൈനലിന്റെ ആവേശം കാണികളില്‍ ജനിപ്പിച്ച നിര്‍ണായകമായ അഞ്ചാം ടി20യില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് തകര്‍ത്തു ഇന്ത്യ പരമ്പര സ്വന്തമാക്കി. 3-2ന് ആയിരുന്നു ഇന്ത്യയുടെ പരമ്പര ജയം. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 20 ഓവറില്‍ എട്ടിന് 188 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിന് 130 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇംഗ്‌ളണ്ട് തകര്‍ന്നടിഞ്ഞത്. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലാന്‍(68), ജോസ് ബട്ട്‌ലര്‍(54) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി. ഇവരെ കൂടാതെ മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യയ്ക്കു വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഇതാദ്യമായി ഓപ്പണ്‍ ചെയ്ത മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ രണ്ടിന് 224 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. വിരാട് കോഹ്ലിയും(പുറത്താകാതെ 80) രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. സൂര്യകുമാര്‍ യാദവ് 32 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ 39 റണ്‍സും നേടി. ടോസ് ഭാഗ്യം നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആരാധകരെ ശരിക്കും ഞെട്ടിച്ചു. പതിവിന് വിപരീതമായി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി വിരാട് കോഹ്ലിയാണ് ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

വിരാട് കോഹ്ലി കരുതലോടെ ബാറ്റുവീശിയപ്പോള്‍ രോഹിത് ശര്‍മ്മയായിരുന്നു അപകടകാരി. വെറും 34 പന്ത് നേരിട്ട രോഹിത് അഞ്ചു സിക്‌സറും നാലു ഫോറും ഉള്‍പ്പടെയാണ് 64 റണ്‍സെടുത്തത്. ആദ്യ ഓവറുകളില്‍ ശ്രദ്ധയോടെ ബാറ്റു വീശിയ കോഹ്ലി അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. 52 പന്ത് നേരിട്ട കോഹ്ലി ഏഴു ബൌണ്ടറികളും രണ്ടു സിക്‌സറും പറത്തിയാണ് 80 റണ്‍സെടുത്തത്. രോഹിത് ശര്‍മ്മയെ ബെന്‍ സ്റ്റോക്ക്‌സ് ക്ലീന്‍ ബോള്‍ഡാക്കുകയായിരുന്നു.