യുവതി ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, ഉണര്‍ന്നപ്പോള്‍ യുവാവിന് നഷ്ടമായത്…
ഫെയ്സ്ബുക്കിലൂടെ പരിചയം നടിച്ച യുവതി യുവാവിന്റെ അഞ്ചര പവന്‍ മാലയും മൊബൈല്‍ ഫോണും അപഹരിച്ചതായി പരാതി. ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേകാണ് (26) ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരിയായ യുവാവ് ഒന്നരമാസം മുമ്പാണ് വിവാഹിതനായത്. സ്‌കൂളില്‍ ജൂനിയറായി പഠിച്ചതാണ് താനെന്നും കല്യാണത്തിന് വരാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞ് ഒരുമാസം മുമ്പാണ് ഫെയ്സ്ബുക്കിലൂടെ യുവതി പരിചയപ്പെട്ടത്.
തന്റെ മാതാവ് ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ അഡ്മിറ്റാണെന്നും നേരിട്ട് കാണണമെന്നും യുവതി ആഗ്രഹം പ്രകടിപ്പിച്ചു. 18ന് യുവതിയും മറ്റൊരു യുവാവും എം സി റോഡില്‍ ചെങ്ങന്നൂര്‍ ആശുപത്രി കവലയിലുള്ള ലോഡ്ജില്‍ മുറിയെടുത്തു. യുവാവ് പുറത്തുപോയ ശേഷമാണ് വിവേക് മുറിയിലെത്തുന്നത്. തുടര്‍ന്ന് യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്‍കി. കുടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. രാത്രി ഉണര്‍ന്നപ്പോഴാണ് മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി അറിയുന്നത്.