യു ഡി എഫ് പ്രകടന പത്രികയില്‍ സന്തോഷത്തിന് മന്ത്രിയും സമാധാനത്തിനു വകുപ്പും
ചരിത്രത്തില്‍ ആദ്യമായി പ്രകടന പത്രികയില്‍ സന്തോഷത്തിനും സമാധാനത്തിനും വകുപ്പ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യു.ഡി.എഫ്. മിനിസ്ട്രി ഓഫ് ഹാപ്പിനെസ് രൂപീകരിക്കുമെന്നതാണ് പ്രകടനപത്രികയിലെ വാഗ്ദാനം. സന്തോഷത്തിനായി ഒരു മന്ത്രിയും മന്ത്രാലയവുമാണ് ഇതിലൂടെ യുഡിഎഫ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ന്നു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതി വരുത്താന്‍ രാജസ്ഥാന്‍ മാതൃകയില്‍ സമാധാന വകുപ്പ് രൂപീകരിക്കുമെന്ന് യുഡിഎഫ് പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇ നടപ്പാക്കിയ പദ്ധതിയാണ് മിനിസ്ട്രി ഓഫ് ഹാപ്പിനെസ് . 2106 ഫെബ്രുവരിയിലായിരുന്നു യുഎഇ സന്തോഷത്തിനായി ഒരു മന്ത്രിയെ നിയമിച്ചത്. ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി എന്ന വനിതയായിരുന്നു ആദ്യ വകുപ്പ് മന്ത്രി. ദുബായില്‍ നടന്ന ലോകഗവണ്‍മെന്റ് ഉച്ചകോടിക്കിടെ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം നടത്തിയത്.ജനങ്ങളുടെ സന്തോഷകരമായ ജീവിതം ഉറപ്പു വരുത്തുന്നതിനുള്ള വിവിധ പദ്ധതികളുടെ ചുമതലയാണ് ഈ മന്ത്രാലയത്തിനുള്ളത്. ചീഫ് ഹാപ്പിനസ് ഓഫീസറും പോസിറ്റിവിറ്റി ഓഫീസറും മന്ത്രാലയത്തിനു കീഴിലുണ്ട്.
സന്തോഷം, മാനസികാരോഗ്യം തുടങ്ങിയവയ്ക്ക് മന്ത്രിമാരെ ചില രാജ്യങ്ങള്‍ നിയമിക്കാറുണ്ട്. അടുത്തിടെയാണ് ജപ്പാനില്‍ ഏകാന്തതയ്ക്ക് ഒരു മന്ത്രിയെ നിയമിച്ചത്. രാജ്യത്തെ ആത്മഹത്യാ നിരക്ക് 11 വര്‍ഷത്തിനിടെ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ടെറ്റ്‌സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ നിയമിച്ചത്. ജനങ്ങളിലെ ഏകാന്തതയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുക, ബന്ധപ്പെട്ട മന്ത്രാലയവുമായി സഹകരിച്ച് സമഗ്രമായ പരിഹാര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ചുമതലകള്‍. അതേ സമയം ജപ്പാനിലല്ല ആദ്യമായി ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിക്കുന്നത്. 2018 ല്‍ യുകെ സര്‍ക്കാരും സമാനമന്ത്രി സ്ഥാനം രൂപീകരിച്ചിട്ടുണ്ട്.