ബിജെപിയുടെ പാളയത്തില്‍പ്പട കടകംപള്ളിക്ക് അനായാസ ജയം സമ്മാനിക്കുമോ?
2016 ല്‍ 25 ശതമാനം വോട്ട് വിഹിതം ഉയര്‍ത്തിയാണ് വി മുരളീധരന്‍ ബിജെപിയെ രണ്ടാം സ്ഥാനത് എത്തിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍പ് തുടര്‍ച്ചയായി മൂന്നു തവണ മത്സരിച്ചു വിജയിച്ച എം എ വാഹിദ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളാണ് നേമവും കഴക്കൂട്ടവും, അതില്‍ കഴക്കൂട്ടം കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്റെ സ്വാധീനവും സാന്നിധ്യവും കൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു. എന്താണ് കഴക്കൂട്ടത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ? കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടി മത്സരിക്കാന്‍ തയ്യാറെടുത്ത മുരളീധരനും മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഒടുവില്‍ ഏറെ നിരാശയാണ് ഉണ്ടായത്. അവസാന നിമിഷം വരെ സീറ്റ് മറ്റാര്‍ക്കും നല്‍കാതെ മാറ്റിനിര്‍ത്തിയിരുന്നു. ഒടുവില്‍ ബിജെപിയുടെ ആഭ്യന്തര വഴക്കില്‍ ഒതുക്കി നിര്‍ത്തപ്പെട്ട ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് അനുവദിച്ചു. ഇത് മുരളീധരനും സുരേന്ദ്രനും നയിക്കുന്ന വിഭാഗത്തിന് ഒരു തിരിച്ചടിയാണ്. മുരളീധരനെ സംബന്ധിച്ചിടത്തോളം ഇത്തവണ ശോഭ മണ്ഡലത്തില്‍ വിജയിച്ചാല്‍ പിന്നെ തനിക്കുള്ള സ്വാധീനം കുറയും, ഒരു സുരക്ഷിത മണ്ഡലം തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെടുകയും ചെയ്യും. ഒരുപക്ഷേ 2016 ല്‍ ലഭിച്ച 32% വോട്ടിനെ ശോഭാ സുരേന്ദ്രന്‍ മറികടന്നാല്‍ പോലും മണ്ഡലത്തിലേക്കുള്ള മുരളീധരന്റെ വാതില്‍ അടയും. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതുകൊണ്ട് തന്നെ കഴക്കൂട്ടത്തെ വോട്ടിലും പ്രതിഫലിക്കാന്‍ ആണ് സാധ്യത. വളരെ അനുകൂലമാകാമായിരുന്ന സാഹചര്യമാണ് പാളയത്തില്‍പടയിലൂടെ ബിജെപി നഷ്ടപ്പെടുത്താന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി എസ് എസ് ലാല്‍ അത്ഭുതങ്ങള്‍ ഒന്നും തന്നെ കാഴ്ചവെക്കാന്‍ പോകുന്നില്ല. 2016ല്‍ ലഭിച്ച 29% നിലര്‍നിര്‍ത്തുക എന്നതാകും അവിടെ കോണ്‍ഗ്രെസ്സിനുള്ള വെല്ലുവിളി. ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന് ശബരിമല വിഷയം ഒരു തടസ്സം ആണ്, എന്നാല്‍ വിശ്വാസികളോട് ക്ഷമാപണം നടത്തിയത് മുന്‍പത്തെ അവസ്ഥയില്‍ നിന്നും മാറ്റം ഉണ്ടാക്കുന്നു എന്നതാണ് അവിടുന്ന് ലഭിക്കുന്ന സൂചനകള്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെയും മണ്ഡലത്തിലെ വികസനത്തിന്റെയും വിലയിരുത്തല്‍ ഗുണമായി ഭവിച്ചാല്‍ കടകംപള്ളി 5000 വോട്ടുകള്‍ക്കെങ്കിലും വിജയിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉണ്ടാകും എന്ന ശക്തമായ പ്രചാരണവും അനവധി ചാനല്‍ സര്‍വ്വേകളില്‍ അത്തരത്തില്‍ വന്ന പ്രവചനങ്ങളും നോക്കിക്കാണുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിജയിപ്പിച്ചാല്‍ അടുത്ത ഒരു മന്ത്രിയെയാണ് കടകംപള്ളി സുരേന്ദ്രനില്‍ കാണുന്നത്.