ജഗദീഷ്: “കൊല്ലത്ത് ബിന്ദുകൃഷ്ണ ജയിക്കണം, മുകേഷ് പരാജയപ്പെട്ടാലും സിനിമയുണ്ട്”

പത്തനാപുരം മണ്ഡലത്തില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ചലച്ചിത്രതാരം ജഗദീഷ്. അന്ന് രണ്ട് സഹപ്രവര്‍ത്തകര്‍ക്കെതിരെ ആണ് മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി ഗണേഷ്‌കുമാറും, ബിജെപി സ്ഥാനാര്‍ഥി ഭീമന്‍ രഘുവും. അന്ന് 24000 വോട്ടുകള്‍ക്കാണ് ജഗദീഷ് ഗണേഷിനോട് പരാജയപ്പെട്ടത്.

‘ഇത്തവണയും കോണ്‍ഗ്രസ് നേതൃത്വം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിവാകുകയായിരുന്നു.’ കൊല്ലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ വിജയിക്കും, അതാണ് തന്റെ ആഗ്രഹമെന്നും ജഗദീഷ് പ്രതികരിച്ചു. ‘മുകേഷ് തന്റെ സുഹൃത്താണ്, എന്നിരുന്നാലും ബിന്ദുകൃഷ്ണ ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മുകേഷ് ഇപ്പോള്‍ പരാജയപ്പെട്ടാലും അദ്ദേഹത്തിന് സിനിമയില്‍ സജീവമായി തുടരാം.’