സോഷ്യല്‍ മീഡിയയില്‍ നിന്നും മകളുടെ നഗ്‌ന ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയുടെ സഹായം തേടി ‘അമ്മ
മകളുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ സഹായം തേടി അമ്മ. ഹൈദരാബാദ് മാധപുര്‍ സ്വദേശിനിയായ സ്ത്രീയാണ് വിദേശത്ത് താമസിക്കുന്ന മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ സഹായം തേടിയിരിക്കുന്നത്.ഇപ്പോള്‍ ഈ മകള്‍ ആസ്‌ട്രേലിയയില്‍ ആണ്. വിവാഹിതയായ ഇവര്‍ക്ക് അഞ്ചുവയസുള്ള ഒരു മകനുമുണ്ട്. ഇവരുടെ മുന്‍കാമുകന്‍ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്ക് ചെയ്തിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഫോട്ടോ പ്രചരിച്ചതിന് പിന്നാലെ തന്നെ പരാതിക്കാരിയുടെ മകള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവരുമായി ബന്ധപ്പെട്ട് ചിത്രങ്ങളും തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് കൊണ്ടെന്നും കാര്യമായ ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
ആത്മഹത്യ ഭീഷണി മുഴക്കിയാണ് മകളുടെ മുന്‍ കാമുകന്‍ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തന്റെ മകള്‍ക്ക് 2011 ല്‍ ഒരു സഹപാഠിയുമായ അടുപ്പം ഉണ്ടായിരുന്നു. വളരെ കുറച്ച് നാള്‍ മാത്രമെ ആ ബന്ധം നീണ്ടു നിന്നുള്ളു. കാമുകന്റെ മോശം സ്വഭാവം മൂലം എട്ട് മാസത്തിനുള്ളില്‍ മകള്‍ ആ ബന്ധം ഉപേക്ഷിച്ചു. ഇരുവരും ഒരുമിച്ചായിരുന്ന സമയത്ത് മകളെ വൈകാരികമായി ബ്ലാക്ക് മെയില്‍ ചെയ്താണ് കാമുകന്‍ നഗ്‌ന ഫോട്ടോകള്‍ നേടിയെടുത്തത്. ആവശ്യപ്പെടുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അയച്ചു നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. ഇയാളുടെ മര്യാദയില്ലാത്ത പെരുമാറ്റം സഹിക്കവയ്യാതെ വന്നതോടെ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെയാണ് ഇയാള്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. 2012ലായിരുന്നു ഇത്. അന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ 2019 ല്‍ ഈ ചിത്രങ്ങള്‍ വീണ്ടും പ്രചരിച്ചു തുടങ്ങി. ഇത് മകളുടെ ഭര്‍ത്താവും കാണാനിടയായി. അത് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു എന്നാണ് പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നത്. ഇതിന് പിന്നാലെ മകള്‍ തന്നെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടു. സെബറാബാദ് സൈബര്‍ ക്രൈം സ്റ്റേഷനില്‍ പരാതിയും നല്‍കി. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.