സ്പീക്കര്‍ക്ക് എതിരെ കൂടുതല്‍ മൊഴികള്‍ ; ലോക കേരള സഭയും സംശയ നിഴലില്‍

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ കൂടുതല്‍ മൊഴികള്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യു.എ.ഇ. കോണ്‍സുല്‍ ജനറലിന് കൈമാറാനായി സ്പീക്കര്‍ തനിക്ക് പണമടങ്ങിയ ബാഗ് നല്‍കിയെന്നാണ് സരിത്ത് മൊവി നല്‍കിയിരിക്കുന്നത്. ഈ ബാഗില്‍ നോട്ടു കെട്ടുകളായിരുന്നുവെന്നും പിന്നീട് ഈ ബാഗാ മാത്രമാണ് കസ്റ്റംസ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പമാണ് സരിത്തിന്റെ മൊഴിപകര്‍പ്പും സമര്‍പ്പിച്ചിട്ടുള്ളത്.

അതേസമയം സര്‍ക്കാരിന്റെ തന്നെ പരിപാടിയായ ലോക കേരളസഭയുടെ ലോഗോയുള്ള ബാഗിലാണ് പണം കൈമാറിയത്. ബാഗില്‍ പത്ത് നോട്ട് കെട്ടുകളുണ്ടായിരുന്നു. ഇത് കോണ്‍സുല്‍ ജനറലിനുള്ള സമ്മാനമാണെന്നും അദ്ദേഹത്തിന് നല്‍കണമെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. ഇത് കൈമാറിയ ശേഷം കാലിയായ ബാഗ് താന്‍ വീട്ടില്‍കൊണ്ടുപോയി. ഈ ബാഗാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്നും സരിത്ത് നല്‍കിയ മൊഴിയിലുണ്ട്.നേരത്തെ സ്പീക്കര്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്തു വന്നിരുന്നു.

സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നും ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായിരുന്നു നീക്കമെന്നും സ്വപ്ന പറഞ്ഞിരുന്നു. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

എന്തിനാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോളേജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം മാധ്യമങ്ങളില്‍ ‘മൊഴി’ എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. രാഷ്ട്രീയ താത്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീര്‍ത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ പുറത്തുവിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.