കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ് ; 30 ന് ഹാജരാകണം
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ്. ഈ മാസം 30ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. 30 നും ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്റ് അയക്കുമെന്ന് കസ്റ്റംസ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂന്നാമത്തെ തവണയാണ് കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് അയക്കുന്നത്. ആദ്യം കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അത് തനിക്ക് ലഭിച്ചിട്ടില്ലയെന്ന് കാണിച്ച് വിനോദിനി ഹാജരായിരുന്നില്ല. മാത്രമല്ല ആ കത്ത് ഡോര്‍ ക്ലോസ്ഡ് എന്നെഴുതി തിരിച്ചെത്തിയിരുന്നു.
മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. അതുകൊണ്ട് ഇത്തവണ ഹാജരായില്ലെങ്കില്‍ അടുത്ത നടപടി കടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന് കോഴയായി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളിലെ ഏറ്റവും വില കൂടിയ ഫോണ്‍ ആയിരുന്നു ഇത്. കേസ് വിവാദമായതോടെ ഈ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കസ്റ്റംസ് സിം കാര്‍ഡും ഉപയോഗിച്ച ആളെയും കണ്ടെത്തുകയായിരുന്നു.
ഈ സിമ്മില്‍ നിന്നും പോയിട്ടുള്ള ചില കോളുകളില്‍ കസ്റ്റംസിന് സംശയമുണ്ട്. മാത്രമല്ല ഈ ഐ ഫോണ്‍ കുറച്ചു നാള്‍ ബിനീഷ് കോടിയേരി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊച്ചി, ബംഗളുരു ഇഡി യൂണിറ്റുകളും വിനോദിനിയെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാരണം ഈ സമയം വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്താല്‍ അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം പാര്‍ട്ടി എടുത്തത്.