ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു ; സംഭവം തിരുവനന്തപുരം ആനാട്
തിരുവനന്തപുരം ആനാട് സ്വദേശിയായ അരുണ്‍ ആണ് (36) കൊല്ലപ്പെട്ടത്. ആര്യനാട് ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതരായ യുവാവിന്റെ ഭാര്യയെയും ഭാര്യയുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. അരുണിന്റെ ഭാര്യ അഞ്ചു, കാമുകനായ ശ്രീജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വളരെ നാളുകളായി പിണക്കത്തിലായിരുന്ന അരുണും ഭാര്യ അഞ്ചുവും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. അഞ്ചുവിന്റെയും ശ്രീജുവിന്റെയും ബന്ധത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്നും അതിനെ തുടര്‍ന്നാണ് അഞ്ചു താമസം മാറിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച്ച രാത്രിയോടെ അഞ്ചു ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് അരുണ്‍ എത്തിയിരുന്നു. അഞ്ചു താമസിക്കുന്ന വീട്ടില്‍ കാമുകനായ ശ്രീജുവിനെ കണ്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നു. പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിച്ച് വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ കേസില്‍ കൂടുതലെന്തെങ്കിലും പറയാനാവു എന്നാണ് പോലീസ് പറയുന്നത്.