വിരട്ടാന്‍ നോക്കണ്ട എന്ന് പിണറായിയോട് എന്‍ എസ് എസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് തക്കതായ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സംസ്ഥാന സര്‍ക്കാരിനെതിരായുള്ള എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ സംശയങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എന്‍എസ്എസ് ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും രാഷ്ട്രീയമായി എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍തന്നെയാണെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍എസ്എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സര്‍ക്കാരിനോട് എന്‍എസ്എസിന് ഒരു പ്രത്യേക പെരുമാറ്റം ഉണ്ടെന്ന് നാട്ടില്‍ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നുമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമായി എന്‍എസ്എസ് ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളാണ്. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണം, ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം, സാമൂഹ്യപരിഷ്‌കര്‍ത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതു അവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം.
ഈ മൂന്ന് കാര്യങ്ങള്‍ സംബന്ധിച്ചാണ് എന്‍എസ്എസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ശബരിമലയിലെ യുവതി പ്രവേശന വിഷയം ഇപ്പോഴും എവിടെ നില്‍ക്കുന്നു എന്ന് ജനങ്ങള്‍ക്കറിയാം. ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എന്‍എസ്എസിനെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കട്ടെ. ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.മന്നം ജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍കൂടി ഉള്‍പ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് പല തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എന്‍എസ്എസ്സിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയാണുണ്ടായത്.