കന്യാസ്ത്രീകളെ അക്രമിച്ചത് എബിവിപിക്കാരെന്ന് റെയില്‍വേ സൂപ്രണ്ട്
കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. പ്രകോപനമില്ലാതെയായിരുന്നു അക്രമമെന്ന് റെയില്‍വേ സൂപ്രണ്ട് നയീംഖാന്‍ മന്‍സൂരി പറഞ്ഞു. നിര്‍ബന്ധപൂര്‍വം യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ട്രെയിനില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും യാത്രാമധ്യേ പിടിച്ച് പുറത്താക്കുകയും ചെയ്തത്.
ഋഷികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എ.ബി.വി.പിക്കാരായിരുന്നു അക്രമത്തിന് പിന്നില്‍. അക്രമണം നടത്തിയത് ബജ്‌രംഗ്ദളാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതിനിടെ, അക്രമത്തിന് പിന്നിലുള്ളവരെ വൈകാതെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വാക്കു തരുന്നതായി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറയുകയുണ്ടായി.
സംഭവത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയോടും, പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്കുള്ള യാത്രക്കിടെയാണ് ശിരോവസ്ത്രം ധരിച്ച രണ്ട് കന്യാസ്ത്രീകളെയും കൂടെ സിവില്‍ വേഷത്തിലായിരുന്ന രണ്ട് പേരെയും ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചത്.
യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോവുകയായിരുന്നു എന്ന് ആരോപിച്ച് അക്രമിസംഘം കന്യാസ്ത്രീകളെ ഝാന്‍സി സ്റ്റേഷനില്‍ ഇറക്കുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയും ചെയ്തു. പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും പൊലീസും അതിക്രമത്തിന് കൂട്ടുനിന്നെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. എന്നാല്‍ അക്രമികളുടെ ആരോപണത്തില്‍ അടിസ്ഥാനമില്ലായിരുന്നുവെന്ന് റെയില്‍വേ പറഞ്ഞു.
വനിതാ പൊലീസ് ഇല്ലാതെ ചോദ്യം ചെയ്യലിന് സഹകരിക്കില്ലെന്ന് പറഞ്ഞെങ്കിലും തങ്ങളെ ബലമായി ട്രെയിനില്‍ നിന്ന് പിടിച്ചിറക്കുകയായിരുന്നുവെന്നും സ്ത്രീകള്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. അഞ്ചു മണിക്കൂറോളമാണ് സംഘം കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത്. ചോദ്യം ചെയ്യലില്‍ ആരോപണം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇവരെ പൊലീസ് അകമ്പടിയോടെ അടുത്ത ട്രെയിനില്‍ കയറ്റി വിട്ടു.