സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോള്‍ പിണറായിക്ക് സഹിക്കുന്നില്ല ; അമിത് ഷാ

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു കേന്ദ്രമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സഹിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് അദ്ദേഹത്തിന് ഓടി രക്ഷപ്പെടാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസില്‍ മുഖ്യമന്ത്രി മറുപടി പറയണം. മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി മുഖ്യ പ്രതിയായ സ്ത്രീയുമായി വിദേശയാത്ര നടത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇതിനകം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ എന്താണു ചെയ്തതെന്ന് ഈ നാടിനു മുഴുവന്‍ അറിയാം. പൊലീസ് യൂണിഫോമില്‍ ശബരിമലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റിയില്ലേ എന്നും അമിത് ഷാ ചോദിച്ചു. ശബരിമലയില്‍ ഏറ്റവും ഹീനമായ കാര്യമാണ് സര്‍ക്കാര്‍ ചെയ്തത്. ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല. അവ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. പി എസ് സി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന ഏജന്‍സിയായി. ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്തത് ദുഃഖകരം. മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിനും നേതാക്കള്‍ക്കും മതിഭ്രമം പിടിച്ചിരിക്കുകയാണ്. കേരളത്തില്‍ ലീഗ്, ബംഗാളില്‍ മമത, മഹാരാഷ്ട്രയില്‍ ശിവസേന ഇങ്ങനെയാണ് കോണ്‍ഗ്രസിന്റെ മതേതരത്വം.

ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഹുല്‍ എതിരാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ ഒറ്റക്കെട്ടാണെന്നും അമിത് ഷാ പറഞ്ഞു. ഇത്തവണ കേരളത്തില്‍ ഇടതു വലതു മുന്നണികളെ ജനം മാറ്റി നിറുത്തും. എല്‍ ഡി എഫും യു ഡി എഫും കേരളത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കുന്നു. എല്‍ ഡി എഫും യു ഡി എഫും അഴിമതിക്കാരാണ്. യുഡിഎഫ് സോളാര്‍ അഴിമതി നടത്തി, എല്‍ ഡി എഫ് സ്വര്‍ണക്കടത്ത് അഴിമതിയും.- അമിത് ഷാ പറഞ്ഞു. ഇന്നലെ കൊച്ചിയിലെത്തിയ അമിത് ഷാ ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷായുടെ പ്രചാരണം. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്‌ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. അമിത് ഷായുടെ വരവില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ എത്തിയത്.