ആഴക്കടല്‍ ; എല്ലാത്തിനും പിന്നില്‍ ദല്ലാളെന്ന് മുഖ്യമന്ത്രി ; വിവാദം ആളിക്കത്തുന്നു

തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ആളിക്കത്തി ആഴക്കടല്‍ മത്സ്യബന്ധന വിവാദം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയും അടക്കമുള്ളവര്‍ക്ക് ഇഎംസിസി-കെഎസ്‌ഐഎന്‍സി ധാരണാ പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം പ്രതിപക്ഷം കടുപ്പിച്ചത്.

മുഖ്യമന്ത്രിയാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായും ഇതില്‍ ദല്ലാള്‍ എന്നറിയപ്പെടുന്ന ആളും ഉള്‍പ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. എന്നാല്‍ സര്‍ക്കാരിന് എതിരായ ഗൂഢാലോചനയില്‍ ദല്ലാള്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്നയാളും പങ്കെടുത്തുവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്‍. പ്രശാന്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തി. എന്നാല്‍ ആഴക്കടല്‍ മത്സ്യ ബന്ധന ഇടപാട് തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുകയാണ് പ്രതിപക്ഷം.

അതേസമയം ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിത്. കുറ്റം വകുപ്പ് സെക്രട്ടറിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കരാര്‍ ഒപ്പിട്ടത് ഫിഷറീസ് സെക്രട്ടറിയുടെ അറിവോടെയാണെന്നും സര്‍ക്കാരും ഇ. എം. സി. സിയും തമ്മിലുള്ള അസെന്‍ഡ് ധാരണപ്രകാരമാണ് കരാറില്‍ ഒപ്പുവച്ചതെന്നും കെ. എസ്. ഐ. എന്‍. സിയെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ ഉള്‍പ്പെടെയുള്ള രേഖകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളും തെളിവായി ഒരു ചാനല്‍ പുറത്തുവിട്ടു. കെ.എസ്.ഐ.എന്‍.സിയേയും എം.ഡി എന്‍. പ്രശാന്തിനെയും പഴിചാരി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടി നല്‍കുന്നതാണ് പുറത്തുവരുന്ന പുതിയ തെളിവുകള്‍. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളില്‍ കെ.എസ്.ഐ.എന്‍.സി ധാരണപത്രം ഒപ്പിടുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായി കാണുന്നു. വാട്സ്ആപ് ചാറ്റുകളാണ് ഇതിനു തെളിവായി എടുത്തുകാണിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച രേഖകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ധാരണപത്രം ഒപ്പിടുന്നത് വരെയുള്ള നടപടികള്‍ നടന്നതെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ച ഫെബ്രുവരി രണ്ട് വരെയുള്ള നടപടികളെ കുറിച്ചുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.