കിഫ്ബി ആസ്ഥാനത്തെ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു

കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന ഏഴ് മണിക്കൂര്‍ പിന്നിട്ടു. ഇന്‍കം ടാക്സ് കമ്മീഷണര്‍ നേരിട്ട് കിഫ്ബി ആസ്ഥാനത്ത് എത്തിയെന്നും വിവരമുണ്ട്. കിഫ്ബി രേഖകള്‍ ആദായ നികുതി വകുപ്പിന് കൈമാറി. ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആദായ നികുതി വകുപ്പിന്റേത് ശുദ്ധ തെമ്മാടിത്തരമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തതാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ധനമന്ത്രി. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ്. ആദായ നികുതി വകുപ്പിന് ആവശ്യമുള്ള എല്ലാ രേഖകളും നല്‍കിയതാണെന്നും ഇനിയും ചോദിച്ചാല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ നാടകം കളി അവസാനിപ്പിക്കണമെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങള്‍ ഈ മാസം 25 മുന്‍പ് നല്‍കണമെന്ന് നേരത്തെ തന്നെ അധികൃതര്‍ കിഫ്ബിക്ക് നിര്‍ദേശം നല്‍കിയിരുന്നു.