തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു ; പിണറായി വിജയന് നോട്ടീസ്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷാണ് നോട്ടീസ് അയച്ചത്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന് പറഞ്ഞത് ചട്ട ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പ്രസ്താവനയെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദേശം.
പാര്‍ട്ടി ചിഹ്നം ഉപയോഗിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വാക്‌സിന്‍ പ്രസ്താവന ചട്ട വിരുദ്ധമെന്നാണ് കണ്ടെത്തല്‍. 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ വിജയന്‍ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രസ്താവന നടത്തിയത്. ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഭക്ഷ്യ ക്കിറ്റ്, പെന്‍ഷന്‍ എന്നിവ പ്രതിപക്ഷം മുടക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് ആശ്വാസത്തിനാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.