‘കിഫ്ബി’യുടെ കേന്ദ്ര പതിപ്പായ ‘ഡിഫി’ക്ക് ഇന്നു തുടക്കം

കഴിഞ്ഞാല്‍ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ‘കിഫ്ബി’ യുടെ കേന്ദ്ര പതിപ്പായിരുന്നു ‘ഡിഫി’. കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ നിയമ നിര്‍മ്മാണ നടപടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റുഷന്‍ എന്നതാണ് DFI യുടെ പൂര്‍ണ്ണ രൂപം. ഡിഫി ബില്‍ ഇന്ന് രാജ്യസഭയിലാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. നാഷണല്‍ ബാങ്ക് ഫോര്‍ ഫൈനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍ എന്നാണ് ഇത് അറിയപ്പെടുക. ബോണ്ട് അടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുക എന്നതാണ് ഈ ബില്ലിന്റെ ഉദ്ദേശം.

കിഫ്ബി പ്രതിപക്ഷ കക്ഷികളുടെ അനവധി ആരോപണങ്ങള്‍ക്കും തുടര്‍ന്ന് ഇടി യുടെ ഇടപെടലും കൊണ്ട് ശ്രദ്ധേയമാണെങ്കിലും കേരളം രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി സാമ്പത്തിക വിദഗ്ദ്ധരുടെ വലിയ കയ്യടി നേടി. കേരളത്തില്‍ ധൃതഗതിയില്‍ നടക്കുന്ന ഭൂരിഭാഗം വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കുന്നത് കിഫബിയാണ്. കിഫ്ബി പോലെ തന്നെ അടിസ്ഥാന വികസനത്തിന് സ്വകാര്യമേഖലയില്‍ നിന്നും ഉള്‍പ്പടെയുള്ള നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തന രീതിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ‘ഡിഫി’ യും രൂപകല്‍പ്പന ചെയ്യുന്നത്. ‘ഡിഫി’ യുടെ അടിസ്ഥാന മൂലധനം 20,000 കോടി രൂപയായിരിക്കും. ഓരോ വര്‍ഷവും 5 ലക്ഷം കോടി രൂപ വായ്പ്പ നല്‍കാനാണ് ഡിഫി ലക്ഷ്യമിടുന്നത്.