സോളാര്‍ പീഡനക്കേസ് ; ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുന്‍ മുഖ്യമന്ത്രിക്ക് ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2012 ഓഗസറ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
പരാതി ഉന്നയിക്കുന്ന സ്ത്രീ ആ സമയത്ത് ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും സാക്ഷി മൊഴികളും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴു വര്‍ഷം പിന്നിട്ട സംഭവമായതിനാല്‍ ഫോണ്‍ കോള്‍ രേഖകള്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018ലാണ് സോളാര്‍ പീഡന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതി ചേര്‍ത്തായിരുന്നു അന്വേഷണം. എന്നാല്‍ അന്വേഷണം രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ പരാതിക്കാരിയുടെ തന്നെ ആവശ്യപ്രകാരം സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു. ഇതിനിടയിലാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ.ജോസ് കേന്ദ്രസര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ തന്നെയായിരുന്നു ഈ റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാര്‍ പീഡനക്കേസുകള്‍ സി ബി ഐക്ക് വിട്ടത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് സി ബി ഐക്ക് വിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്ക് എതിരെയും ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷന് എതിരെയുമുള്ള നിര്‍ണായകമായ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
അതേസമയം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവെക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ താന്‍ കോടതിയെ പോലും സമീപിച്ചില്ല. പൊലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കയ്യില്‍ വെച്ചിട്ട് സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്ക് വിട്ടു. ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. 50 വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല. എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് ശക്തി. മനസാക്ഷിയാണ് വഴികാട്ടിയെന്നും ഉമ്മന്‍ചാണ്ടി ഫേസ് ബുക്കില്‍ കുറിച്ചു.