ഇരട്ടവോട്ട് വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ; തെരഞ്ഞെടുപ്പ് കമ്മീഷനോട്വി ശദീകരണം തേടി

ഇരട്ടവോട്ട് റദ്ദാക്കണണെന്ന വിഷയത്തില്‍ കേരള ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തിങ്കളാഴ്ച നിലപാട് വ്യക്തമാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ആണ് കോടതി തീരുമാനം. അഞ്ച് തവണ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്.

ഇരട്ടവോട്ടുകളുള്ള സമ്മതിദായകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും ഇരട്ടവോട്ട് നീക്കം ചെയ്യുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്ന് കമ്മീഷന്‍ മറുപടി നല്‍കിയതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ചീഫ് ജസ്റ്റിന്റെ അഭാവത്തില്‍ ജസ്റ്റിസ് രവികുമാറാണ് ഹര്‍ജി പരിഗണിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്‌നം അതീവ ഗുരുതരമാണെന്ന് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് 5 വോട്ടുകള്‍ വരെ ഉണ്ടാക്കിയിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ കേസ് കേള്‍ക്കണമെന്നും ചെന്നിത്തല കോടതിയില്‍ ആവശ്യപ്പെട്ടു. ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. വ്യാജവോട്ട് ചേര്‍ക്കാന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ബൂത്ത് ലെവല്‍ സ്‌ക്രൂട്ടിനി കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്തതല്ല. ഉദ്യോഗസ്ഥര്‍ സംഘടിതമായി ചെയ്ത പ്രവൃത്തിയാണ്. അതിനാല്‍ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.