കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി പോലുള്ള സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്ഡ് നടത്തിയത് എന്നാല്‍ അപമാനിതരാകുന്നത് കേന്ദ്രസര്‍ക്കാരാണ്. കേരളത്തില്‍ കിഫ്ബിയുടെ സഹായത്താല്‍ ഉയര്‍ന്നു വന്ന ആശുപത്രികളും സ്‌കൂളുകളും ജനം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. നാടിന്റെ വികസനം തകര്‍ക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടില്‍ ഒരു വികസനവും നടക്കാന്‍ പാടില്ല എന്ന മനോഭാവമാണ് കോണ്‍ഗ്രസിനും ബിജെപിക്കും. ഇങ്ങനൊരു മനോഭാവം നാട്ടിലെ ഒരു പ്രസ്ഥാനത്തിന് എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ദുരിതകാലത്തും പദ്ധതികള്‍ നടപ്പിലാകുന്ന ഘട്ടം വന്നപ്പോള്‍ പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കിഫ്ബിയെ ഇല്ലാതാക്കാനായി പുറപ്പാട്. കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. അത് നിയമ സഭയുടെ ഉത്പന്നമാണ്. റിസര്‍വ്വ് ബാങ്കാണ് അനുമതി നല്‍കിയത്’, മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചല്ല ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. ഇന്‍കം ടാക്സിന് വിവരങ്ങള്‍ ചോദിക്കാന്‍ അതിന്റേതായ രീതിയുണ്ട്. മറുപടി നല്‍കാന്‍ കിഫ്ബി തയ്യാറാണ്. പിന്നെ എന്തിനാണ് ഓഫിസിലേയ്ക്ക് വരുന്ന നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

രണ്ട് ദിവസം മുമ്പ് പാര്‍ലമെന്റില്‍ കിഫ്ബിയെ കുറിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് യുഡിഎഫ് എംപിമാര്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ അനുകൂല ഉത്തരമുണ്ടായില്ല. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന് പറയേണ്ടിവന്നു. മസാലബോണ്ട് കിഫ്ബി സ്വീകരിച്ചത് റിസര്‍വ്വ്ബാങ്കിന്റെ അനുതിയോടെയാണെന്നും പാര്‍ലമെന്റില്‍ നിന്ന് ഉത്തരം കിട്ടി. യുഡിഎഫും ബിജെപിയും കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്ന അവസ്ഥയാണ് കണ്ടത്. അതില്‍ കോണ്‍ഗ്രസ്സിനും യുഡിഎഫനും ബിജെപിക്കും നിരാശയാണ്. ഈ ശക്തികളെല്ലാം യോജിച്ച് ഇപ്പോള്‍ ഇന്‍കം ടാക്സുകാരെ പറഞ്ഞയച്ചിരിക്കുകയാണ്. എല്ലാ ചോദ്യത്തിനും മറുപടി നല്‍കിയിട്ടും ഓഫീസില്‍ ഉദ്യോഗസ്ഥര്‍ ചെന്ന് കയറുകയായിരുന്നു. നമ്മുടെ നാട്ടിലെ ഫെഡറല്‍ തത്വം മാനിക്കുന്ന നിലയുണ്ടെങ്കില്‍ ഇങ്ങനെ ഒരു നിലപട് സ്വീകരക്കില്ല.’ മുഖ്യമന്ത്രി പറഞ്ഞു.