ഐഎഎസ് എടുക്കേണ്ടത് വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ; എന്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

ആഴക്കടല്‍ മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ടു കെ.എസ്.ഐ.ഡി.സി എം.ഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസുകാര്‍ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടതെന്നും, വാട്‌സാപ്പില്‍ എല്ലാവര്‍ക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരില്‍ കടലാസുകള്‍ നീങ്ങുക ഫയലുകളായിട്ടാണ്. ആ ഫയല്‍ ഒരാളുടെ അടുത്തും ഈ പറയുന്ന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്. അതിന്റെ ഭാഗമായി ഒരുപാട് വാട്‌സാപ്പ് മെസേജുകള്‍ അയക്കുകയാണ് ചെയ്തത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകള്‍. ഇങ്ങനെ മെസേജ് കിട്ടിയാല്‍ ചിലര്‍ ഒക്കെ എന്നു മെസേജ് അയക്കും.

ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുവാന്‍ വലിയ വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും കോണ്‍ഗ്രസും ബിജെപിയും ഇത്തരം കാര്യങ്ങളില്‍ ഒരേ നയമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനുമുള്ള നയമാണിത്. വിദേശ ട്രോളര്‍ അനുവദിക്കില്ല എന്ന നയമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ഇനിയുള്ള സര്‍ക്കാരിന്റ് കാലത്ത് മത്സ്യ തൊഴിലാളികളെ പ്രത്യേക സേന വിഭാഗം ആയി അണി നിരത്തും. അതിനാവശ്യമായ പരിശീലനം അവര്‍ക്ക് നല്‍കും. പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവരെ രക്ഷ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു – മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനോട് അടുക്കാന്‍ പറ്റാതെ പിന്തള്ളപ്പെട്ട അവതാരങ്ങള്‍ ദല്ലാളിന്റെ സഹായത്തോടെ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയുടെ ഭാഗമാണ് ആഴക്കടല്‍ മത്സ്യ ബന്ധന വിവാദം. നിലപാടുകള്‍ ആണ് പ്രധാനം താത്കാലിക ലാഭത്തിനു വേണ്ടി ഞഞ്ഞാ പിഞ്ഞാ പറയുക എല്‍ ഡി എഫ് നയമല്ല. കോട്ട് വാങ്ങിയിട്ട് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ എന്ന പേരില്‍ ചിലര്‍ വിദേശത്ത് നിന്നും വരാറുണ്ട്. അത്തരത്തില്‍ ഒരു കമ്പനി ആണ് ആഴക്കടല്‍ കരാറിനായി വന്നത്. ഈ ഗൂഢാലോചയില്‍ പ്രതിപക്ഷ നേതാവിന്റെ ചില ആളുകള്‍ പങ്കെടുത്തു. ഇപ്പോള്‍ ഉള്ളവരും മുന്‍പ് ഉണ്ടായിരുന്നവരും അതിലുണ്ട്.

ആഴക്കടല്‍ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്നും വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഒപ്പിട്ട കെഎസ്‌ഐഡിസി എംഡി എന്‍ പ്രശാന്തിനെ പൊതുവേദിയില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത്. വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി ഉയര്‍ത്തുന്നു.