ചോരക്കളമായി മ്യാന്‍മാര്‍ ; ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ
മ്യാന്‍മറില്‍ പട്ടാളത്തിന്റെ അതിക്രമം തുടരുന്നു. പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കുകയാണ് മ്യാന്‍മര്‍ സൈന്യം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 114 പേരെയാണ് സൈന്യം ഇന്നലെ മാത്രം വെടിവെച്ചുകൊന്നത്. മ്യാന്‍മറിന്റെ 76ആം സായുധസേന ദിനമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഈ സംഘങ്ങള്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സൈന്യത്തിന്റെ കൂട്ടക്കൊലക്ക് ഇരകളായി.
24 നഗരങ്ങളിലായി 93 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാര്‍ച്ച് 14ന് 74നും 90നും ഇടയില്‍ പേര്‍ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പുള്ള വലിയ മരണ നിരക്ക്. അട്ടിമറിക്കെതിരെ പ്രതിഷേധിച്ച 300 ലേറെ പേരെയാണ് സൈന്യം ഇതുവരെകൊന്നുതള്ളിയത്. അതിക്രമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മ്യാന്‍മറില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. സായുധസേന ദിനം രാജ്യചരിത്രത്തിലെ ഭീകരതയുടെയും അവകാശ ലംഘനങ്ങളുടെയും ദിനമായി നിലനില്‍ക്കുമെന്ന് മ്യാന്‍മറിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.