സൂര്യനെ മറയ്ക്കുവാനുള്ള പദ്ധതിയുമായി ബില്‍ഗേറ്റ്‌സ്

ആഗോളതാപനത്തെ നേരിടാന്‍ ഭൂമിയെയും കാലാവസ്ഥാ ക്രമത്തെയും മാറ്റി മറിക്കാന്‍ ശേഷിയുള്ള ആശയവുമായി മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ്. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്‍ ഗേറ്റ്‌സ് മുന്നോട്ടു വെക്കുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായി മറക്കുക.എന്നാല്‍ ആശയം വെറുതേയങ് പറഞ്ഞു പോവുക മാത്രമല്ല ബില്‍ ഗേറ്റ്‌സ് ചെയ്തത്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സോളാര്‍ എന്‍ജിനീയറിങ് റിസര്‍ച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ബില്‍ഗേറ്റ്‌സ് നല്‍കി കഴിഞ്ഞു. ഭൂമിയിലെ ഉപരിതലത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രയോഗികതയാണ് ഈ പദ്ധതിയിലൂടെ പഠിക്കുന്നത്.

സൂര്യ പ്രകാശം തടയുകയെന്ന ആശയത്തെ ശാസ്ത്രലോകം ഇപ്പോഴും കാര്യമായ ഗൗരവത്തിലെടുത്ത് പഠനവിധേയമാക്കിയിട്ടില്ല എന്നതാണ് വെല്ലുവിളി. വൈകാതെ ഈ നില മാറാനും സാഹചര്യമുണ്ട്. ഇതിന്റെ സൂചനയാണ് അമേരിക്കന്‍ സര്‍ക്കാര്‍ നാഷണല്‍ അക്കാദമിക്‌സ് ഓഫ് സയന്‍സ് , എന്‍ജിനീയറിങ് , മെഡിസിന്‍ (എന്‍എസിഇഎം) ജിയോ എന്‍ജിനീയറിങ്ങിനായി അനുവദിച്ച 100 ദശലക്ഷം ഡോളര്‍.

SCoPEx എന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. അന്തരീക്ഷത്തിന്റെ ഏതാണ്ട് 20 കിലോമീറ്റര്‍ ഉയരത്തില്‍ ബലൂണ്‍ ഉപയോഗിച്ച് സൂഷ്മാണുകണങ്ങളെ എത്തിക്കുകയാണ് പരീക്ഷണത്തിനായി ചെയ്യുന്നത്. 100 ഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂഷ്മാണുകണങ്ങള്‍ ഇവിടെ നിന്നും അന്തരീക്ഷത്തിലേക്ക് വിടും. ഏതാണ്ട് പരമാവധി ഒരു കിലോമീറ്റര്‍ നീളത്തിലും നൂറ് മീറ്റര്‍ വീതിയിലുമായിട്ടായിരിക്കും ഇത് പരക്കുകയെന്ന് കരുതപ്പെടുന്നു. തുടര്‍ന്ന് ഈ എയറോസോള്‍ മേഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയുമാണ് ഗവേഷകര്‍ ചെയ്യുക.

അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വര്‍ഷങ്ങളാണ് 2015 മുതല്‍ 2019 വരെയുള്ളത്. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ആര്‍ക്കും വ്യക്തതയിലെങ്കിലും അതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ബില്‍ഗേറ്റ്സിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പഠനം ലക്ഷ്യം വെക്കുന്നത്. ആഗോള താപനം കാരണം ലോകത്ത് പല ഇടങ്ങളിലും കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കഴിഞ്ഞു.