ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇടതുപക്ഷ നേതാക്കള്‍

ശബരിമയില്‍ തെറ്റുപറ്റിയെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ പ്രതികരണവുമായി ഇടതു പക്ഷ നേതാക്കള്‍. കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് പരിശോധിക്കുമെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച വേണ്ട.

കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി. ‘കടകംപളളിയുടെ ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടും. സത്യവാങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല, കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്’- സിതാറാം യെച്ചൂരി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ഒറ്റ നിലപാടേ ഉള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.എ വിജയരാഘവന്‍. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി നടത്തിയ ഖേദപ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതിനിടെയാണ് വിജയരാഘവന്റെ പ്രതികരണം.

‘പാര്‍ട്ടി നിലപാട് ഓരോരുത്തരുടെയടുത്തും ചെന്ന് ചോദിക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് ഒരു നിലപാടുണ്ട് അത് വ്യക്തമാക്കിയിട്ടുമുണ്ട്. നാല് ലക്ഷം മെമ്പര്‍മാരുള്ള പാര്‍ട്ടിയാണിത്. ഓരോരുത്തരുടേയും നിലപാട് പ്രത്യേകം ചോദിക്കേണ്ടതില്ല, അതിനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി പ്രസ്താവന അടക്കം പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ആശയക്കുഴപ്പം ഇല്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ല’. വിജയരാഘവന്‍ പറഞ്ഞു.

ശബരിമലയില്‍ നടന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ”2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവം. എല്ലാവര്‍ക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി”- കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങള്‍ നടന്നു. നേരത്തെ ഉള്ളതിനെക്കാള്‍ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.