ഡി.എം.കെയില്‍ നിന്നും സി പി എം 25 കോടി വാങ്ങി ; ആരോപണവുമായി കമല്‍ ഹാസന്‍

സിപിഎമ്മിന്റെ ദേശിയ നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി മക്കള്‍ നീതി മയ്യം പ്രസിഡന്റും സിനിമാ താരവുമായ കമല്‍ ഹാസന്‍. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടെന്ന് കമല്‍ഹാസന്‍ ആരോപിച്ചു. ഡി.എം.കെയില്‍ നിന്ന് പണം വാങ്ങിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയമാണ് കാട്ടുന്നതെന്നായിരുന്നു കമലിന്റെ വിമര്‍ശം. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. കോണ്‍ഗ്രസ് പോലും എന്നെ ക്ഷണിച്ചിരുന്നു. തന്റേത് ചെറിയ പാര്‍ട്ടിയാണെന്ന് കരുതേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിടിവാശിയും മുന്‍വിധിയുമാണ് ഇക്കുറി മക്കള്‍ നീതി മയ്യവും ഇടതുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന് വിഘാതമായതെന്നും കമല്‍ കുറ്റപ്പെടുത്തി. സ്റ്റാലിന്‍ വിശ്വസിക്കാന്‍ കഴിയാത്തയാളാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പത്തു കോടി രൂപയും സി.പി.ഐക്ക് 15 കോടി രൂപയും ഡി.എം.കെ കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ഡി.എം.കെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വന്‍വിവാദമായപ്പോള്‍ തങ്ങള്‍ മത്സരിച്ച മണ്ഡലങ്ങളിലെ ഡി.എം.കെ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ചെലവിലേക്കായാണ് ഈ പണം ഡി.എം.കെ തങ്ങള്‍ക്ക് തന്നതെന്ന വിശദീകരണമാണ് ഇരു പാര്‍ട്ടികളില്‍ നിന്നുമുണ്ടായത്.

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് കമല്‍ ഹാസന്‍ ജനവിധി തേടുന്നത്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ ഹാസന്റെ എതിരാളികള്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കും. നേരത്തെ, കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമല്‍ ഹാസന്‍ രംഗത്ത് വന്നിരുന്നു. കേരളത്തിലെത്തിയ കമല്‍, പിണറായിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.