മുഖ്യമന്ത്രി നുണ പറയുന്നു എന്ന് കൊല്ലം രൂപത ; മാപ്പ് പറയണം എന്ന് ആവശ്യം
സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിലാക്കി ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കൊല്ലം രൂപത. മുഖ്യമന്ത്രിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതാണ്. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും വീണ്ടും നുണകള്‍ പറയുന്നുവെന്നും കൊല്ലം രൂപത വിമര്‍ശിച്ചു.
ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വവും അടിസ്ഥാന രഹിതവുമാണെന്നും കൊല്ലം രൂപത വിശദമാക്കി. നിരര്‍ഥക ന്യായീകരണങ്ങള്‍ നിരത്തുന്നതിന് പകരം ഇരുവരും മാപ്പു പറയണമെന്നും കൊല്ലം രൂപത അല്‍മായ കമ്മിഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരായ ഇടയ ലേഖനത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ചിന്തയിലാണ് അണികള്‍.