ലവ് ജിഹാദ് ; തനിക്കൊന്നും അറിയില്ല എന്ന് മുഖ്യമന്ത്രി ; എല്‍.ഡി.എഫിന്റെ അഭിപ്രായമല്ലെന്ന് കാനം

ലൗ ജിഹാദ് വിഷയത്തെ കുറിച്ചുള്ള ജോസ് കെ മാണിയുടെ വിവാദ പരാമര്‍ശത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. അതേസമയം, വിഷയത്തില്‍ ജോസ് കെ മാണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നു. മതമൗലിക വാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും കാനം പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോസ് കെ മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍ഡിഎഫിന്റെ പ്രധാന ഘടകകക്ഷികളിലൊരാളായ കേരള കോണ്‍ഗ്രസില്‍നിന്ന് ഇത്തരമൊരു പ്രതികരണം വന്നത് സിപിഎമ്മിനെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിനുപിന്നാലെ ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസിയും രംഗത്തെത്തിയിരുന്നു.

ജോസ് കെ മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രതികരിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.