പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിയോടൊപ്പം പരസ്യമായി നടത്തിച്ച് കുടുംബം

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പ്രതിയോടൊപ്പം പൊതുമധ്യത്തിലൂടെ നടത്തിച്ച് കുടുംബം. മധ്യപ്രദേശിലെ അലിരാജ് പൂരിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്.
‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് 16 കാരിയായ പെണ്‍കുട്ടിയെ പ്രതിക്കൊപ്പം പൊതമധ്യത്തിലൂടെ നടത്തിച്ചത്. പെണ്‍കുട്ടിയെ മനഃപൂര്‍വം നാണംകെടുത്താനാണ് പെണ്‍കുട്ടിയുടെ തന്നെ കുടുംബം ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത് എന്ന് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവമറിഞ്ഞ പൊലീസ് ഉടന്‍ തന്നെ പ്രദേശത്ത് എത്തുകയും, പെണ്‍കുട്ടിയെ രക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച 21 കാരനെ പൊലീസ് പീഡനക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. മാത്രമല്ല പെണ്‍കുട്ടിയെ അപമാനിച്ച കുടുംബത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. സെക്ഷന്‍ 294, 355, 323, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം ഇരുവരും പ്രണയത്തില്‍ ആയിരുന്നു എന്നും ഇരുവരെയും പെണ്‍കുട്ടിയുടെ കുടുംബം കൈയോടെ പിടികൂടിയ ശേഷമാണു ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് കടന്നത് എന്നും ദൃസാക്ഷികള്‍ പറയുന്നു.