സൂയസ് കനാലിലെ കുരുക്കഴിഞ്ഞു ; വഴിമുടക്കിയ കപ്പല്‍ നീക്കി തുടങ്ങി
സൂയസ് കനാലില്‍ കുടുങ്ങി കിടന്ന ചരക്കുകപ്പലായ എവര്‍ ഗിവണ്‍ വെള്ളത്തിന്റെ ഉപരിതലത്തിലേക്കു പൊങ്ങി. നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്നു പുലര്‍ച്ചെയാണ് കപ്പല്‍ കനാലിന്റെ കരഭാഗങ്ങള്‍ വിട്ട് വെള്ളത്തില്‍ പൊങ്ങിനിന്നത്. ഇതോടെ, രാജ്യാന്തര ചരക്കുഗതാഗതത്തില്‍ അതീവ പ്രാധാന്യമുള്ള കനാലിലെ പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന സൂചനയായി. പുലര്‍ച്ചെ 4.30 ന് കപ്പല്‍ അടിഭാഗം വിട്ടുയര്‍ന്നതായും നിലവില്‍ കപ്പല്‍ സുരക്ഷിതമാണെന്നും സമുദ്ര സേവന കമ്പനിയായ ഇഞ്ച്കേപ്പ് ഷിപ്പിങ് അറിയിച്ചു.
എവര്‍ഗിവണ്‍ കാരണമായുണ്ടായ പ്രതിസന്ധി 80 ശതമാനത്തോളം പരിഹരിച്ചതായി ഈജിപ്ഷ്യന്‍ അധികൃതരും വ്യക്തമാക്കി. ചെറുകപ്പലുകളുടെ സഹായത്തോടെ എവര്‍ഗിവണിനെ കനാലിന്റെ വശത്തുള്ള വെയിറ്റിങ് ഏരിയയിലേക്കു നീക്കുകയാണ് ഇനി ചെയ്യാനുള്ളത്. ഇത് കൂടി വിജയകരമായാല്‍ സൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം പൂര്‍വസ്ഥിതിയിലാകുമെന്നാണ് കരുതുന്നത്. 400 മീറ്റര്‍ നീളവും 200,000 ടണ്‍ ഭാരശേഷിയുമുള്ള പടുകൂറ്റന്‍ കപ്പലായ എവര്‍ ഗിവണ്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിയന്ത്രണം വിട്ട് ഗതിമാറി സൂയസ് കനാലിനു കുറുകെ ഉറച്ചുനിന്നത്. കൊടുങ്കാറ്റും മണല്‍ക്കാറ്റുമാണ് കപ്പല്‍ ഗതിമാറാന്‍ കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എവര്‍ഗിവണ്‍ കുടുങ്ങിയതോടെ കനാലില്‍ രണ്ട് വശത്തുമായി 340-ലേറെ ചരക്കുകപ്പലുകളും കുടുങ്ങി. ഇതോടെ, കപ്പലുകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ളു ഗുഡ്ഹോപ്പ മുനമ്പ് ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥ വന്നു. കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണ്‍ കപ്പലിന്റെ മുന്‍ഭാഗത്തു നിന്ന് യന്ത്രങ്ങളുപയോഗിച്ച് മണ്ണ് മാറ്റിയതോടെയാണ് കപ്പലിനെ ചലിപ്പിക്കാനായത്. കപ്പല്‍ കുടുങ്ങിയത് കാരണം കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണ് ലോകത്തു മുഴുവനായി ഉണ്ടായിക്കൊണ്ടിരുന്നത്.