ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
പാര്‍ട്ടിക്ക് എതിരെ പരസ്യ പ്രതിഷേധം നടത്തിയ മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് ലതിക സുഭാഷ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കണമെന്ന് തുടക്കത്തില്‍ തന്നെ ലതിക സുഭാഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ ലതിക സുഭാഷിനും സീറ്റില്ലായിരുന്നു. ഏറ്റുമാനൂരിലാണ് ലതികയുടെ പേര് പരിഗണിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് ആ സീറ്റ് നല്‍കുകയായിരുന്നു. സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്നും ഭാവി പരിപാടി സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് നേരത്തെ പറഞ്ഞു. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെ പി സി സി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നിഷേധിച്ചെന്ന് ലതിക പറയുന്നു. ഏറ്റുമാനൂരില്‍ മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. ആരുടെയും പിന്തുണ ലഭിച്ചില്ലെങ്കിലും തനിക്ക് ജയിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു. ഇതിനു പിന്നാലെ കെ പി സി സി അങ്കണത്തില്‍ വച്ച് തല മുണ്ഡനം ചെയ്തായിരുന്നു ലതികാ സുഭാഷിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് നന്നാകണമെന്നും പ്രവര്‍ത്തകരുടെ വികാരം നേതൃത്വം മാനിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ആവശ്യപ്പെട്ടു. ഇനി ഒരു അപ്പ ക്ഷണത്തിനു വേണ്ടിയും കാത്തിരിക്കില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ഇല്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കി.