സൂയിസ് കനാലില്‍ കുടുങ്ങിയ കപ്പലിനെ രക്ഷിച്ചത് സൂപ്പര്‍ മൂണ്‍

സൂയിസ് കനാലിന് ഇടയില്‍ കുടുങ്ങിയ ചരക്കു കപ്പല്‍ എവര്‍ ഗിവണ്‍ എന്ന ഭീമാകാരനായ കപ്പലിനെ രക്ഷിച്ചത് സൂപ്പര്‍ മൂണ്‍ പ്രതിഭാസം എന്ന് വിദേശ മാധ്യമങ്ങള്‍. കനാലിന്റെ ഇരുഭാഗങ്ങളിലുമുള്ള മണല്‍തിട്ടകളില്‍ ഇടിച്ചു നില്‍ക്കുന്ന കപ്പലിനെ നീക്കാനായി ക്രെയിനുകളും വലിയ ടഗ് കപ്പലുകളും ദിവസങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എവര്‍ ഗിവണിനേയും വ്യാപാര ലോകത്തേയും രക്ഷിച്ചത് ഇവയൊന്നുമല്ല. അത് സൂപ്പര്‍ മൂണ്‍ ആണ് എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍മൂണ്‍ മൂലമുണ്ടായ ഉയര്‍ന്ന വേലിയേറ്റത്തില്‍ നിന്ന് കണ്ടെയ്നറിന് ചലിക്കാനുള്ള ഊര്‍ജം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ മൂണ്‍ സമയത്ത് വേലിയേറ്റത്തിന്റെ ആക്കം കൂടുതലായി അനുഭവപ്പെടാറുണ്ട്. വേലിയേറ്റം, കടല്‍ക്ഷോഭം, ഭൂകമ്പം, അഗ്‌നിപര്‍വത സ്‌ഫോടനം തുടങ്ങിയവ സൂപ്പര്‍മൂണ്‍ കാലത്തുണ്ടാവാറുണ്ട്.

സൂപ്പര്‍മൂണ്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ഭൂമിയില്‍ ശക്തമായ തിരമാലകള്‍ക്കും ഭൂചലനത്തിനും സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ വിലയിരുത്തല്‍. ഈ സമയത്ത് പ്രകൃതിയില്‍ ചില ചലനങ്ങള്‍ കണ്ടെക്കാം. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകര്‍ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലാകും. ഇതിനാല്‍ തന്നെ പൂര്‍ണചന്ദ്രദിനങ്ങളില്‍ ഭൂചലനങ്ങള്‍ വര്‍ധിക്കാറുണ്ട്. ആകര്‍ഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചില്‍ അനുഭവപ്പെടാന്‍ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങള്‍ പിന്നീട് വന്‍ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

2018-ല്‍ നിര്‍മിച്ച പനാമയില്‍ റജിസ്റ്റര്‍ ചെയ്ത എവര്‍ ഗിവണ്‍ എന്ന കപ്പല്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തിലാമ് കനാലില്‍ കുടുങ്ങിപ്പോയത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാമിലേക്ക് പോവുകയായിരുന്നു ചരക്കുകപ്പല്‍. 25 ഓളം ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ജീവനക്കാരെല്ലാം സുരക്ഷിതരായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈജിപ്തുകാരായ രണ്ട് പൈലറ്റുമാരും കപ്പലിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് രണ്ടു ലക്ഷം മെട്രിക് ടണ്‍ ഭാരമുണ്ട് എവര്‍ ഗിവണ്‍. ലോകത്താകെ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയിനറുകളില്‍ 30%-വും സൂയിസ് കനാലിലൂടെയാണ് പോകുന്നത്. ഒപ്പം, ആകെ ചരക്കു കൈമാറ്റത്തിന്റെ 12%-വും നടക്കുന്നത് ഈ കനാലിലൂടെയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയായ സൂയിസിലൂടെയാണ് ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 4%-വും നടക്കുന്നത്. അതുകൊണ്ടുതന്നെ, വ്യാപാരരംഗത്ത് ഈ ഗതാഗതക്കുരുക്ക് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.