യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം ; ഒരാള്‍ കസ്റ്റഡിയില്‍

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിനു നേരെ ആക്രമണം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ മൂന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ബാനര്‍ജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ആള്‍ സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍ സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രതികരിച്ചു. ബാനര്‍ജി സലീമിന്റെ ഫേസ്ബുക്കില്‍ അരിത ബാബുവിന്റെ വീട്ടില്‍ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യവും പങ്കുവെച്ചിട്ടുണ്ട്. ഇയാള്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കായംകുളം. സിറ്റിംഗ് എംഎല്‍എ പ്രതിഭയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.