ഇരട്ടവോട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല
ഇരട്ടവോട്ടിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് ‘ഓപ്പറേഷന്‍ ട്വിന്‍സ്’ എന്ന വെബ്സൈറ്റിലൂടെ(www.operationtwins.com) പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങള്‍ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇരട്ടവോട്ട് സംബന്ധിച്ച ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
38,000 ഇരട്ടവോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 4.34 ലക്ഷം ഇരട്ടവോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വെബ്സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിട്ടത്.
നിയോജക മണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ഥിയുടെപേര്, ബൂത്തിലെ വോട്ടര്‍മാരുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍ എന്നിവയോടൊപ്പം അതേ വോട്ടര്‍മാര്‍ക്ക് മറ്റു ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ അഡ്രസ്, അതേ വോട്ടര്‍ക്ക് തൊട്ടടുത്ത നിയോജക മണ്ഡലത്തില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അഡ്രസ് എന്നിവയുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
വെബ്സൈറ്റ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. പുതിയ അപ്‌ഡേഷനൊപ്പം ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുരപ്പ അവസാനിക്കും വരെ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. കള്ളവോട്ടിനുള്ള സാധ്യതകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.