പ്രളയം മനുഷ്യനിര്‍മ്മിതം ; അധികാരത്തിലെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് ഉണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിഞ്ഞെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2018 ലെ പ്രളയം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറല്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പ്രളയത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രളയം വീണ്ടും സജീവ ചര്‍ച്ചയാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം.

മഴ പെയ്തതിനെ തുടര്‍ന്ന് മുന്‍കരുതലില്ലാതെ ഡാം തുറന്ന് വിട്ടതാണ് 2018ലെ പ്രളയം രൂക്ഷമാകാന്‍ കാരണം. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് അന്നേ തെളിഞ്ഞതാണ്. നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വികസന വിരോധികള്‍ സര്‍ക്കാരിനെതിരെ ഒന്നിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെയും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. ചരിത്രം പഠിച്ചാല്‍ കേരളത്തിലെ യഥാര്‍ഥ വികസന വിരോധികള്‍ ആരാണെന്ന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം നടപ്പാക്കിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് സി.പി.എം. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെയും എതിര്‍ത്തു. വിമാനത്താവളം വന്നപ്പോള്‍ അതിനെയും എതിര്‍ത്തു. സ്വാശ്രയ കോളേജും കൊച്ചി മെട്രോയും വിഴിഞ്ഞം പോര്‍ട്ടും വരെ തുടക്കത്തില്‍ സി.പി.എം എതിര്‍ക്കുകയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.