മരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍ ; പേര് നീക്കാന്‍ സാധ്യമല്ല എന്ന് ഉദ്യോഗസ്ഥര്‍

ടി പി കൊലപാതക കേസിലെ പ്രതിയും പ്രമുഖ സി.പി.എം നേതാവുമായിരുന്ന അന്തരിച്ച പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍. കൂത്തുപറമ്പിലെ എഴുപത്തിയഞ്ചാം നമ്പര്‍ ബൂത്തിലാണ് കുഞ്ഞനന്തന്റെ പേരുളളത്. എഴുന്നൂറ്റിഅറുപത്തിരണ്ടാം നമ്പര്‍ വോട്ടറായാണ് പേരുള്ളത്. എന്നാല്‍ പരാതി ലഭിച്ചിട്ടും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധ്യമല്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

മരിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നും നീക്കം ചെയ്തിട്ടില്ലെങ്കില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കണമെന്ന് നിയമമുണ്ട്. ഈ നിയമം നിലനില്‍ക്കെ, കൂത്തുപറമ്പ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി കൊടുത്തു. ഇത് പുതിയ വിവാദങ്ങള്‍ക്ക് കാരണമായേക്കും എന്നാണ് കരുതുന്നത്.