സിപിഎം ബുദ്ധിജീവികള്‍ക്കു പോലും സ്വകാര്യ ഡേറ്റ എന്താണെന്ന് അറിയാത്തത് കഷ്ടമാണ് എന്ന് രമേശ് ചെന്നിത്തല
കള്ളവോട്ട് വിഷയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് കണ്ടുപിടിച്ചതില്‍ സി.പി.എമ്മിന് വെപ്രാളമെന്ന് ചെന്നിത്തല പറയുന്നു. ഇരട്ടവോട്ട് സംബന്ധിച്ച് പുറത്തുവിട്ട വിവരങ്ങള്‍ ഡേറ്റ ചോര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദത്തെയും ചെന്നിത്തല തള്ളി. ഡേറ്റ ചോര്‍ച്ച എന്താണെന്നറിയാന്‍ സ്പ്രിം?ഗ്‌ള?ര്‍ വിഷയം പഠിക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമായിരുന്ന ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ടത് സ്പ്രിം?ഗ്‌ള?ര്‍ ഇടപാടിലാണ്. അന്ന് സര്‍ക്കാരിനു വേണ്ടി വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നതിനെ സ്വാഗതം ചെയ്യുന്നു. ഏതെല്ലാമാണ് സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സി.പി.എമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണ്. സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോള്‍ കാണുന്നതില്‍ സന്തോഷമുണ്ട് എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച , ഇന്റര്‍നെറ്റില്‍ ലഭ്യമായ , ലോകത്തെവിടെ നിന്നും ആര്‍ക്കും പ്രാപ്യമായ വിവരങ്ങള്‍ എടുത്ത് ഡേറ്റ അനലിറ്റിക്‌സ് നടത്തുക മാത്രമാണ് യു.ഡി.എഫ് ചെയ്തത്. ഇത് ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്ന് പറഞ്ഞു കേള്‍ക്കുന്നത് കൗതുകകരമാണ്. ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും,സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ല.
ഏതെങ്കിലും വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണെങ്കില്‍ അത് സെന്‍സിറ്റീവ് ഡാറ്റയായി പരിഗണിക്കില്ല എന്നതാണ് ചട്ടം. അത് എവിടെ വേണമെങ്കിലും ഹോസ്റ്റ് ചെയ്യാം. ഡേറ്റാ പ്രൈവസി സംബന്ധിച്ച ആരോപണങ്ങളെ തള്ളി രമേശ് ചെന്നിത്തല വിശദീകരിച്ചു. നാലു ലക്ഷത്തിലധികം ഇരട്ടവോട്ടുകളുള്ളവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം വെബ്‌സൈറ്റ് വഴി യു.ഡി.എഫ് പുറത്തുവിട്ടിരുന്നു. ഇത് ഡാറ്റാ ചോര്‍ച്ചയാണെന്ന ആരോപണവുമായി സി.പി.എം പി.ബി അംഗം എം.എ ബേബി രംഗത്തെത്തിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.