ബി ജെ പി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇവിഎം ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
വോട്ട് തട്ടിപ്പ് കേസ് കേരളത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കെ അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇവിഎം മെഷീന്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ഇവിഎം കൊണ്ടുവന്ന ബൂത്തില്‍ റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. നാല് ഉദ്യോഗസ്ഥരെ കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. അസമില്‍ സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അസമിലെ കരിംഗഞ്ചിലാണ് സംഭവം. രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ഇന്നലെ രാത്രിയോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് കൊണ്ടുപോയത് ബിജെപി നേതാവിന്റെ വാഹനത്തിലാണ്. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പൊളിന്റെ വാഹനത്തിലാണ് വോട്ടിങ് യന്ത്രം കണ്ടെത്തിയത്. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. മറ്റൊരു പോളിംഗ് സ്റ്റേഷനിലെ വാഹനമെത്തി വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി.
വിഷയം ബിജെപിക്കെതിരെ ആയുധമാക്കി പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്. ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നോക്കുകയാണെന്നും സ്വാതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സ്വകാര്യ വാഹനത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയ, പോളിംഗ് സ്റ്റേഷനില്‍ റീ പോളിംഗ് നടത്തുമെന്ന് കമ്മിഷന്‍ അറിയിച്ചു. നാല് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി.