വേങ്ങരയിലെ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു ; കാരണം നേതാക്കന്മാരുടെ മോശം പെരുമാറ്റം

തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് വേങ്ങരയിലെ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യകുമാരി. തനിക്ക് പിന്തുണ തന്നിരുന്ന ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേതാക്കള്‍ തന്നെ ഇപ്പോള്‍ ഭീഷണിപെടുത്തുന്നുവെന്നാണ് അനന്യ പറയുന്നത്. സാങ്കേതികമായി പത്രിക പിന്‍വലിക്കാന്‍ ഇനി സാധിക്കില്ലെങ്കിലും പ്രചാരണം നിര്‍ത്തുകയാണെന്നും അനന്യകുമാരി വ്യക്തമാക്കി. ഡിഎസ്‌ജെപി നേതാക്കളുടെ തെറ്റായ നിലപാടിനെ എതിര്‍ത്തപ്പോള്‍ തന്നെ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിയുണ്ടായി. അഭിസാരികയായും മറ്റു മോശം രീതിയിലും ചിത്രീകരിച്ചു. അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നും അനന്യകുമാരി പറയുന്നു.

തനിക്ക് ലൈംഗീക പീഢനം വരെയും നേതാക്കളില്‍ നിന്നും ഏല്‍ക്കേണ്ടി വന്നവെന്നും അനന്യ ചില ചാനലുകള്‍ക്ക് കൊടുത്ത അഭിമുഖത്തില്‍ പ പറയുന്നു.കുഞ്ഞാലിക്കുട്ടിക്ക് എതിരെയും സര്‍ക്കാരിന് എതിരെയും മോശമായി സംസാരിക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാത്തത് വൈരാഗ്യത്തിന് കാരണമായി. ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അനന്യ കുമാരി അലക്സ് വേങ്ങര മണ്ഡലത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനന്യ വേങ്ങര കേന്ദ്രീകരിച്ച് പ്രചാരണം നടത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അനന്യ പ്രചാരണം അവസാനിപ്പിച്ച് കൊച്ചിയിലേക്ക് മടങ്ങിയത്. മലപ്പുറത്ത് പര്‍ദ്ദയിട്ട് നടക്കാന്‍ നിര്‍ബന്ധിച്ചു. അതും വഴങ്ങാതായതോടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും ആരും തന്റെ പേരില്‍ ഡിഎസ്ജെപി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ പറഞ്ഞു.