കഞ്ചാവ് ഇനി വീട്ടില്‍ വളര്‍ത്താം ; ഉപയോഗത്തിനും വില്‍പനക്കും അനുമതി
തലക്കെട്ട് കണ്ടു സന്തോഷിക്കുന്ന കുറച്ചു പേര്‍ എങ്കിലും കാണും. എന്നാല്‍ അത്രയ്ക്ക് സന്തോഷം ഇപ്പോള്‍ വേണ്ട ഇന്ത്യയില്‍ അല്ല ന്യുയോര്‍ക്കിലാണ് കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഒരു വീട്ടില്‍ ആറു തൈകള്‍ വരെ ഇനി മുതല്‍ നിയമപരമായി വളര്‍ത്താം. നേരത്തെ സ്റ്റേറ്റ് അസംബ്ലിയില്‍ അവതരിപ്പിച്ച ബില്‍ പാസായിരുന്നു.
ന്യൂയോര്‍ക്ക് സംസ്ഥാനത്തെ സാമ്പത്തികമായി ഉത്തേജിപ്പിക്കുന്ന ചരിത്രപരമായ ദിനമാണ് ഇതെന്ന് ബില്‍ ഒപ്പുവച്ചതിന് ശേഷം ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ പറഞ്ഞു. നിയമമാകുന്നതോടെ 60,000 ത്തില്‍പരം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്നു. ഇതുവഴി സംസ്ഥാന ഖജനാവിലേക്കുള്ള വാര്‍ഷിക വരുമാനം 300 മില്ല്യണ്‍ ഡോളര്‍ കവിയും. വരുമാനത്തിന്റെ നാല്‍പത് ശതമാനവും സ്‌കൂളുകളുടെ വികസനത്തിനായാണ് ഉപയോഗിക്കുക.
കഞ്ചാവ് കൃഷി നിയമം പ്രാബല്യമായതോടെ മൂന്ന് ഔണ്‍സ് വരെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാം. ഒരു വീട്ടില്‍ പരമാവധി ആറ് ചെടികള്‍ വളര്‍ത്തുവാനും സാധിക്കും. മുന്‍പ് കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലുള്ള ശിക്ഷകള്‍ റദ്ദാക്കും. അതേസമയം, വില്‍പന ആരംഭിക്കുവാന്‍ 2022 വരെ കാത്തിരിക്കേണ്ടിവരുമെന്ന് കരുതുന്നു. ന്യൂയോര്‍ക്ക് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിയമമായിട്ടുള്ളത്.