പബ്ജി ലൈറ്റും ഉടനെ പൂട്ടിക്കെട്ടും , പബ്ജി ആരാധകര്‍ക്ക് വീണ്ടും ദുഃഖ വാര്‍ത്ത

പബ്ജി ആരാധാകര്‍ക്ക് വീണ്ടും സങ്കട വാര്‍ത്ത. ആശ്വാസമായി തുടരുന്ന പബ്ജി ലൈറ്റും അധികം താമസിക്കാതെ വിട പറയും. ഏപ്രില്‍ 29 ഓടെ ആപ്പ് പ്രവര്‍ത്തനരഹിതമാവുമെന്ന് പബ്ജിയുടെ നിര്‍മ്മാതാക്കളായ ക്രാഫ്റ്റണ്‍ തന്നെയാണ് തങ്ങളുടെ വെബ്‌സൈറ്റില്‍ അറിയിച്ചത്. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് ആപുകള്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഇതോടെയാണ് പബ്ജിക്ക് പൂട്ട് വീണത്. പബ്ജിക്ക് പകരം അവതരിപ്പിച്ച ഇന്ത്യന്‍ നിര്‍മ്മിത ഗെയിം ഫൌജിക്കും കാര്യമായ ശ്രദ്ധ നേടാനായില്ല.

2019ലാണ് എന്‍ട്രി ലെവല്‍ ഫോണുകള്‍ക്കായി പബ്ജി ലൈറ്റ് അവതരിപ്പിച്ചത്. ലോകമൊട്ടാകെ ഏതാണ്ട് 600 മില്യണ്‍ ഡൌണ്‍ലോഡുകള്‍ പബ്ജിയാണ്. 50 മില്യണ്‍ ആക്ടിവ് യൂസര്‍മാര്‍ മാത്രം പബ്ജിക്കുണ്ട്. ഇത് ഇന്ത്യയില്‍ തന്നെ ഏതാണ്ട് 33 മില്യണ്‍ ആണ്. കേരളത്തില്‍ മാത്രം നിരവധി ഫാന്‍സും പബ്ജിക്കുണ്ട്. അതേസമയം പബ്ജിയുടെ തിരിച്ചുവരവിനായി കളമൊരുങ്ങുന്നതായ ചില വീഡിയോ വ്‌ളോഗര്‍മാര്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തീരുമാനം എടുത്തെന്നും സൂചനയുണ്ട് എന്നാല്‍ ഇതില്‍ വ്യക്തതയില്ല. അതേസമയം പബ്ജി ലൈറ്റ് കളം വിടുന്നതോടെ ഐ.ജി.ഐ,കോള്‍ ഓഫ് ഡ്യൂട്ടി അടക്കമുള്ള ഗെയിമിങ്ങ് ഓപ്ഷനുകളെ തേടി ആരാധകരെത്തുന്നുണ്ട്.