പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമറിയിക്കാന്‍ അഭ്യാസം ; ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

മെക്‌സിക്കോയിലെ കാന്‍കൂണിലെ നിചുപ്ത തടാകത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പ്രിയപ്പെട്ടവരെ അറിയിക്കാന്‍ ചെയ്ത ഒരു അഭ്യാസമാണ് അവസാനം ദുരന്തത്തില്‍ കലാശിച്ചത്. ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിയിച്ച ശേഷം ചെറുവിമാനം വെള്ളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരിക്കുകയും ചെയ്തു.

ബീച്ചിനു മുകളിലൂടെ പറന്ന് പെണ്‍കുഞ്ഞാണെന്ന് അറിയിക്കാന്‍ പിങ്ക് പുക പരത്തിയ ശേഷം വിമാനം താഴേക്ക് കൂപ്പുകുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന സസ്പെന്‍സ് അറിയിക്കാന്‍ എത്തുന്ന വിമാനം കാത്ത് താഴെ ബോട്ടിലുണ്ടായിരുന്നവര്‍ സ്പാനിഷ് ഭാഷയില്‍ പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്ന നീനാ എന്ന് ആര്‍പ്പുവിളിച്ചതിനു തൊട്ടുപിന്നാലെയാണ് ദുരന്തം. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. സന്തോഷം അറിയിക്കാന്‍ വാടയ്ക്ക് ഏര്‍പ്പെടുത്തിയവര്‍ ആണ് മരിച്ചത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്.