അപവാദ പ്രചാരണങ്ങള്‍ രൂക്ഷം ; ലൈവില്‍ പൊട്ടിക്കരഞ്ഞു ഫിറോസ് കുന്നമ്പറമ്പില്‍

സൈബര്‍ ലോകത്ത് തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നമ്പറമ്പില്‍. ഭാര്യയുംഉമ്മയും അടക്കം ഫോണ്‍ വിളിച്ച് കരച്ചിലാണെന്നും തനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ഫിറോസ് പറയുന്നു.തവനൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും ചാരിറ്റി പ്രവര്‍ത്തകനും കൂടിയാണ് ഫിറോസ് കുന്നംപറമ്പില്‍. തന്റെ പേരിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത് ഏറ്റവും മോശമാണെന്നും തനിക്കും കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും ഫിറോസ് പറഞ്ഞു. തനിക്കും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. അപവാദ പ്രചരണത്തിന് തവനൂരിലെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിലൊക്കെയും പ്രചരണം നടത്തുമ്പോള്‍ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ പറ്റും. പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്? ഫിറോസ് പറയുന്നു. 10 വര്‍ഷമായി നിങ്ങളിവിടെ ഭരിക്കുന്നുണ്ട്. വികസനകാര്യങ്ങള്‍ പറയാനില്ലെങ്കില്‍ വ്യക്തി പരമായെങ്കിലും ആക്രമിക്കാതിരിക്കുക എന്റെ ഭാര്യയും ഉമ്മയും വിളിച്ച് കരയുകയാണ്-ഫിറോസ് പറയുന്നു.

അതേ സമയം തനിക്കെതിരെ പ്രചാരണം നടത്തുന്നത് എതിര്‍ സ്ഥാനാര്‍ഥിയും അവരുടെ സൈബര്‍ വിങ്ങുമാണെന്നും ഫിറോസ് ലൈവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലടക്കം ഫിറോസിന്റേതെന്ന പേരില്‍ ചില ഓഡിയോ ക്ലിപ്പുകള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ശക്തമായ സൈബര്‍ ആക്രമണം ആണ് ഫിറോസിന് എതിരെ നടക്കുന്നത്. അതേസമയം ലൈവിന് പിന്നാലെ ഫിറോസിന്റെ പ്രചരണ വാഹനങ്ങള്‍ പരസ്യമായി തകര്‍ക്കപ്പെട്ടു. സി പി എം ആണ് ഇതിനു പിന്നില്‍ എന്ന് ഫിറോസ് ആരോപിക്കുന്നു. രണ്ടു ജീപ്പുകള്‍ ആണ് തകര്‍ക്കപ്പെട്ടത്.

അതേസമയം തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെ വ്യക്തിഹത്യ നടത്തി അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തവനൂര്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റി പരാതി നല്‍കി.തവനൂര്‍ യുഡിഎഫ് ചെയര്‍മാന്‍ ഇബ്രാഹിം മൂതൂര്‍, കണ്‍വീനര്‍ സുരേഷ് പുല്‍പ്പാക്കര എന്നിവരാണ് അപവാദപ്രചരണത്തിനെതിരെ പരാതി നല്‍കിയത്. പരാജയം ഉറപ്പായ ജലീലും കൂട്ടരും ഇനിയും നീചമായ നടപടി അവസാനിപ്പിച്ചില്ലങ്കില്‍ ശക്തമായി നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍, വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

ഫിറോസിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചത് മുതല്‍ മന്ത്രി കെ.ടി ജലീലും കൂട്ടരും വൃത്തികെട്ട സൈബര്‍ ആക്രമണം ആരംഭിച്ചതാണെന്നും ഇതില്‍ സി.പി.എമ്മിന് ബന്ധമില്ലെന്നും തരംതാണ രീതി അംഗീകരിക്കില്ലെന്നും ഇടത് കേന്ദ്രങ്ങള്‍ നയം വ്യക്തമാക്കിയിട്ടും ദിവസേന എല്ലാ സീമകളും ലംഘിച്ച് നീചമായ രീതിയില്‍ കുപ്രചരണം തുടരുന്നത് അപലപനീയമാണെന്നും തവനൂര്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റി വ്യക്തമാക്കി. ഇത് വരെ കള്ളനെന്ന് മുദ്ര കുത്താന്‍ പ്രചണ്ഡമായി പ്രചരണം നടത്തിയിട്ടും വോട്ടര്‍മാരില്‍ അല്‍പ്പം പോലും ഏശാതെയിരുന്നപ്പോഴാണ് അറപ്പുളവാക്കുന്ന കുതന്ത്രവുമായി രംഗത്ത് വന്നിട്ടുള്ളതെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു