ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. ഇരുപത്തിയഞ്ചോളം സൈനികരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു.

സിആര്‍പിഎഫിന്റെ കോബ്രാ വിഭാഗം, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് എന്നിവരാണ് പരിശോധനയ്ക്കായി അവിടെ എത്തിയത്. ഇവിടെ വച്ച് പതിങ്ങിയിരിക്കുകയായിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതീക്ഷിക്കാതെയുണ്ടായ ഈ ഏറ്റുമുട്ടലിലാണ് ജവാന്മാര്‍ക്ക് വെടിയേറ്റത്.

ഏറ്റുമുട്ടലിനുശേഷം കൂടുതല്‍ സുരക്ഷാ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ഛത്തീസ്ഗഡ് ഡിജിപി പറഞ്ഞു. അതോടൊപ്പം നക്‌സലൈറ്റുകളെ തിരയാനും വലിയൊരു ടീം എത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട നക്‌സലൈറ്റുകലെ ഒരുകാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. ചത്തീസ്ഗഢിലെ നാരായണ്‍പൂരിലും കഴിഞ്ഞ ആഴ്ച സൈനികര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. അന്ന് അഞ്ച് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.