കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ കേരളം കേസെടുത്തതിനെ പരിഹസിച്ച് നിര്‍മല സീതാരാമന്‍
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി കേരള സര്‍ക്കാര്‍ എടുത്ത കേസുകളെയും അന്വേഷണത്തെയും പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ഭദ്രകാളിയെ പിടിക്കാന്‍ പിശാച് വരുന്നത് പോലെയാണ് കേരളം കേന്ദ്രത്തിനെതിരെ തിരിയുന്നത്. ഭദ്രകാളി അതിന്റെ ജോലി ചെയ്യുമെന്നും പിശാചിന് മടങ്ങി പോകേണ്ടി വരുമെന്നും നിര്‍മല മലപ്പുറത്ത് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പങ്കാളിയായി എന്ന ആരോപണമാണ് വരുന്നത്. അന്വേഷണം നടക്കുമ്പോള്‍ കേന്ദ്രത്തിന് എതിരെ അന്വേഷിക്കും എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. വിദേശ ശക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതിനാല്‍ കേന്ദ്രം സ്വാഭാവികമായും അന്വേഷിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമെന്നും ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് കേരളത്തിലെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. എല്‍ഡിഎഫ് – യുഡിഎഫ് ഒത്തുകളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. അക്രമവും അഴിമതിയും പ്രീണനവുമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. 500 വര്‍ഷം തപസ്സ് ഇരുന്നാല്‍ പോലും ശബരിമല അയ്യപ്പനെതിരെ പ്രവര്‍ത്തിച്ച മന്ത്രിക്ക് ശാപമോക്ഷം കിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രനെ പേരെടുത്ത് പറയാതെ നിര്‍മ്മല വിമര്‍ശിച്ചു.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനായാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ മലപ്പുറത്തെത്തിയത്. എപി അബ്ദുള്ളക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ലൗ ജിഹാദ് കേരളത്തിലെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും അതീവ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. അതു ഭാവനയല്ല, യാഥാര്‍ത്ഥ്യമാണെന്ന് കേരളത്തിലെ അനേകം ഹിന്ദു, ക്രിസത്യന്‍ കുടുംബങ്ങള്‍ക്ക് ബോധ്യമുണ്ട്. ബിജെപി ഇതു പറഞ്ഞപ്പോള്‍ വലതുപക്ഷ രാഷ്ട്രീയമാണെന്നു കുറ്റപ്പെടുത്തി. ഇപ്പോള്‍ ക്രൈസ്തവ സഭകള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വേദനയാണ് തുറന്നു പറഞ്ഞതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.