പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്; പാര്‍ട്ടിയാണ് ക്യാപ്റ്റന്‍: പിണറായിക്കെതിരെ ഒളിയമ്പുമായി പി ജയരാജന്‍
പിണറായിക്കെതിരെ ഒളിയമ്പുമായി കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്തമാക്കി പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് പി ജയരാജന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ വിളിയില്‍ ആശയക്കുഴപ്പമില്ലെന്നും ആളുകള്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പി ജയരാജന്റെ അഭിപ്രായ പ്രകടനം.
‘ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.’- ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തംപാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്നു പോകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി പറയുന്നു. ഇന്നലെവരെ അദ്ദേഹത്തിനൊപ്പം താങ്ങുംതണലുമായി നിന്നവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പലനേതാക്കളും പ്രസ്താവനകളില്‍ പരിഹാസവാക്കുകള്‍ ഉപയോഗിക്കുന്നു. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായിക്ക് സ്ഥലകാല ബോധം വരികയെന്നും സുധാകരന്‍ പറഞ്ഞു.
കോടിയേരിയും പി. ജയരാജനും ഇ.പി. ജയരാജനും സുധാകരനുമെല്ലാം ഇന്നെവിടെയാണ്. പി. ജയരാജനെ ഇല്ലാതാക്കാനാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡം കൊണ്ടുവന്നത്.