അദാനിയുമായി ഒരു കരാര്‍ കൂടി ഒപ്പുവച്ചു ; കരാര്‍ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ; ആരോപണം ആവര്‍ത്തിച്ചു രമേശ് ചെന്നിത്തല
അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്ന വിഷയത്തില്‍ ആരോപണം ആവര്‍ത്തിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ കൂടി കഴിഞ്ഞ മാസം ഉണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാര്‍ ഉറപ്പിച്ചത്. അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കും രഹസ്യമായി പിന്തുണയ്ക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 15-02-2021-ല്‍ നടന്ന ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡിന്റെ യോഗത്തിന്റെ മിനുട്ട്സില്‍ അജണ്ട 47-ല്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. അദാനിയില്‍നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞത് കാര്യമാക്കുന്നില്ല. കരാര്‍ മുഖ്യമന്ത്രിയുടേയും വൈദ്യുതി മന്ത്രിയുടേയും അറിവോടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കരാറുകൊണ്ട് ദോഷമുണ്ടാകുന്നത് ജനങ്ങള്‍ക്കാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വൈദ്യുതി റഗുലേഷന്‍ കമ്മീഷന്റെ തീരുമാനപ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സംസ്ഥാനം വൈദ്യുതിയുടെ കാര്യത്തില്‍ മിച്ച സംസ്ഥാനമാണ്. 2021-22 ല്‍ വര്‍ഷം 811 യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശമുണ്ടാവുക. ഈ സാഹചര്യത്തില്‍ അദാനിയുടെ കൈയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താത്പര്യമാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അദാനിയുമായി വൈദ്യുതി ബോര്‍ഡ് ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എം.എം. മണിയുടെ വാദം കാര്യമാക്കുന്നില്ല. അദാനിയില്‍ നിന്നും നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ട്. വല്ലഭന് പുല്ലും ആയുധം എന്ന പോലെ ഏതിലും എന്തിലും അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ വൈഭവമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നത്. സംസ്ഥാനത്തെ ജനങ്ങുടെ പോക്കറ്റടിക്കാനുള്ള ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലം അദാനിയാണ്. പിണറായിയുടെ പല കേസുകളും മുങ്ങിപ്പോകാന്‍ കാരണം ഇതാണെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുന്ന കാഴ്ചയാണ് കെഎസ്ഇബി കരാറിലൂടെ പുറത്തുവന്നത്. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.
കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് 2019 സെപ്റ്റംബറിലും ജൂണിലും ഒപ്പുവച്ച കരാര്‍ സംസ്ഥാനത്തെ ജനങ്ങളെ പോക്കറ്റടിക്കാന്‍ അദാനിക്ക് വഴിതുറക്കുകയാണ് ചെയ്തത്. യൂണിറ്റ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതിയും ഒരു രൂപ നിരക്കില്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയും ലഭ്യമായിരിക്കെ അദാനിയില്‍ നിന്ന് 2.82 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട ആവശ്യമെന്താണ്. അദാനിക്ക് 1000 കോടി രൂപ കിട്ടുമ്പോള്‍ മുഖ്യമന്ത്രിക്ക് എത്ര കമ്മീഷന്‍ കിട്ടി എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.