പത്തനംതിട്ടയില്‍ പിതാവിന്റെ മര്‍ദനമേറ്റ അഞ്ച് വയസുകാരി മരിച്ചു

പത്തനംതിട്ടയില്‍ മര്‍ദനമേറ്റ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. പിതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടി അവശയായിരുന്നു. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റുന്നത്. അച്ഛന്‍ ലഹരി മരുന്നിന് അടിമയാണ്. രണ്ടു ദിവസമായി അച്ഛന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരം.

കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്. കുട്ടിക്ക് ശ്വാസ തടസം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി സഹായം ആവശ്യപ്പെടുന്നത് കുട്ടിയുടെ അമ്മയാണ്. തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.