ഡേറ്റാ ചോര്‍ച്ച ; ഇന്ത്യയിലെ 61 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും ചോര്‍ന്നു
ഇന്ത്യയിലെ 61 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതില്‍ 61 ലക്ഷം ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പേരും, ഫോണ്‍ നമ്പരുകളും അടക്കമുള്ള വ്യക്തിവിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഹഡ്സണ്‍ റോക്കാണ് ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവരം പുറത്തുവിട്ടത്. ഇന്ത്യയിലെ 6.1 മില്ല്യണ്‍ ആളുകളുടെയും യുഎസിലെ 32.3 മില്ല്യണ്‍ ആളുകളുടെയും യുകെയിലെ 11.5 മില്ല്യണ്‍ ആളുകളുടെയും ഓസ്ട്രേലിയയിലെ 7.3 മില്ല്യണ്‍ ആളുകളുടെയും ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.
അതേസമയം, ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും 2019 ല്‍ പരിഹരിച്ച ഒരു പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു. അതിനിടെ വിവരങ്ങള്‍ ഹാക്കര്‍ വഴി ചോര്‍ന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബര്‍ കുറ്റകൃത്യ സ്ഥാപനമായ ഹഡ്സണ്‍ റോക്കിലെ ആലണ്‍ ഗാല്‍ മുന്നറിയിപ്പ് നല്‍കി.