പോളിങ്ങ് ബൂത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ തടഞ്ഞു എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍

യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയില്‍ ബൂത്ത് സന്ദര്‍ശനം നടത്തുമ്പോഴാണ് ധര്‍മജനെ തടഞ്ഞത്. സ്ഥാനാര്‍ത്ഥി ബൂത്ത് സന്ദര്‍ശനം നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജനെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്ന് ചെറിയ വാക്കുതര്‍ക്കം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ധര്‍മജനെ ബൂത്തില്‍ പ്രവേശിപ്പിച്ചു.

രാവിലെ മുതല്‍ തന്നെ ബാലുശേരിയിലെ വിവിധ ബൂത്തുകള്‍ ധര്‍മജന്‍ ബോള്‍ഗാട്ടി സന്ദര്‍ശിക്കുന്നുണ്ട്. യുഡിഎഫ് പോളിംഗ് ഏജന്റുമാരെ ബൂത്തിനകത്ത് സന്ദര്‍ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. അതേസമയം ബൂത്ത് സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിക്ക് അനുമതിയുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്നും അവര്‍ അറിയിച്ചു. താന്‍ ഇറങ്ങിപ്പോയത് കൂടുതല്‍ പ്രശ്‌നം ഉണ്ടാകേണ്ടെന്ന് കരുതിയാണെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ബൂത്തിനകത്ത് വോട്ട് അഭ്യര്‍ഥിക്കുന്നതിണ് മാത്രമാണ് വിലക്കുള്ളതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.