മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്
കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പിണറായിയിലെ വീട്ടിലാണ് മുഖ്യമന്ത്രി ഇപ്പോഴുള്ളത്. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് ദിനം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും തുടര്‍ചികിത്സകള്‍ സ്വീകരിക്കുക, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര്‍ സി അമല സ്‌കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടില്‍ നിന്ന് കാല്‍നടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.